Friday, January 9, 2009

വീട്ടില്‍ ഒരമ്മ

ചിരപുരാതനം ഘടികാരം അഞ്ചടിക്കുന്നൂ
നാലുകെട്ടിന്‍ മേലെ പ്രഭാതം ചിരിക്കുന്നൂ
അമ്മയുണര്‍ന്നടുക്കളയിലടുപ്പൂതിയൂതി
തെളിച്ചതില്‍ തിളക്കുന്നു ഇത്തരിക്കഞ്ഞി.
തൃപ്രയാറമ്പലത്തില്‍ നിന്നും മുഴങ്ങീ
ഇടറുംതൊണ്ടയില്‍ രാമായണം.
കോഴികള്‍ നീട്ടിക്കൂവിനടന്നൂ തൊടിതോറും
പൈക്കിടാവൊന്നുകരയുന്നമ്മിഞ്ഞക്കായ്‌.
അമ്മയ്ക്കു തിടുക്കമായ്‌, നല്‍കേണമെല്ലാവര്‍ക്കും
അന്നമാവശ്യംപോലെയാസ്നേഹക്കൈയാല്‍.
മാതൃവാത്സല്യത്തിന്‍ നിറുകയിലുദിക്കുന്ന
പ്രേമാമൃതമാണീയമ്മ, പൊളിഞ്ഞൊരീ
നാലുകെട്ടില്‍ നന്മത്തേന്‍ മധുരമായ്‌.
ചെടികള്‍ക്കു കുളിനീരായ്‌, പശുക്കള്‍ക്കു
പച്ചപ്പുല്ലായ്‌, അരുമക്കിടാങ്ങള്‍ക്കുമ്മയായ്‌
അമ്മൂമ്മയായ്‌, ആര്‍ക്കുമേ തുണയായി തണലായി
ഒഴുകുകയാണീയമ്മ, നിളപോലെ നിര്‍മ്മലയായി...

No comments: