ഭൂമിപ്പെണ്ണിന് മംഗല്യത്തിനു
മാരിക്കുടകള്‍ പലതു നിവര്‍ന്നൂ
മഴമേഘങ്ങള്‍ അതിഥികള്‍ നഭസ്സില്‍
മദിയായ് പെയ്യാന്‍ വരിയായ് വരവായ്.
ഈറന്‍ ധരയുടെ വീരന് വരനായ്
ചാരെ സൂര്യന് ഉദിച്ചുയരുന്നു
വളകള്‍ ചടുലം ചിലുചിലമിളകി
കുളിരും ഭൂമിപ്പെണ്ണിനുടുക്കാന്
പുളയുംപുഴകള് ചേലകള്‍ നല്കീ
അംബര ദേവകള്‍ തകിലുമുഴക്കീ
തുമ്പിത്തരുണികള് കുരവവിളിച്ചു.
മിന്നല്ത്തേരില് മണവാളന് വന്നു.
ഭൂമിപ്പെണ്ണിന് കല്യാണത്തിനു
മാരിക്കുടകള്‍ നൂറുനിവര്ന്നു.
1 comment:
really nostalgic
Post a Comment