Friday, January 9, 2009

ജനിതകo

മിസ്റ്റര്‍ മുകുന്ദന്‍ നായര്‍,

പല തലമുറ, താവഴി കൈമാറി അച്ഛനപ്പൂപ്പന്മാരായി കൈവശംവച്ചനുഭവിച്ചുവന്ന സകല സ്ഥാവരജംഗമവസ്തുക്കളും നിങ്ങള്‍ ആര്‍ക്കാണെഴുതിവച്ചത്‌?

സ്വന്തം മക്കള്‍ക്ക്‌.

ആളും അഗ്നിയും സാക്ഷിയായി നിങ്ങള്‍ പുടവകൊടുത്തുസ്വീകരിച്ച ഭവാനിയമ്മയില്‍ നിങ്ങള്‍ക്കു ജനിച്ച മക്കള്‍ക്ക്‌.

നിങ്ങള്‍ രഹസ്യമായി രമിച്ച കണ്ടംകുളങ്ങര രാധാമണിയേയും, അവരില്‍ നിങ്ങള്‍ക്കു ജനിച്ച മകന്‍ ദാമോദരനെയും നിങ്ങള്‍ മറന്നു.
തലമുറകളുടെ ജനിതക ഗോവണി കടന്നുവന്ന് നിങ്ങളിലൂടെ എന്നിലേയ്ക്ക്‌ പകര്‍ന്നുതന്ന അര്‍ശ്ശസും, മുപ്പത്തഞ്ചാം വയസിലെ പ്രമേഹവും, കഷണ്ടിയും, കോങ്കണ്ണും ഞാനേറ്റുവാങ്ങി. 

പക്ഷേ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുപ്പതേക്കര്‍ തെങ്ങിന്‍പുരയിടവും, പതിനെട്ടുപറ പുഞ്ചക്കണ്ടവും, ഇരുനില ബന്‍ഗ്ലാവും, പന്ത്രണ്ടുലക്ഷം ബാങ്കുബാലന്‍സും എന്തുകൊണ്ടെനിക്കും കൂടി പകര്‍ന്നുതന്നില്ല!

അച്ഛനെന്നു വിളിക്കാന്‍ അവകാശം നല്‍കാത്തതിനോ, എന്റമ്മയെ പിഴച്ചവളെന്നു പേരുദോഷം കേള്‍പ്പിച്ചതിനോ അല്ല, പങ്കുവയ്ക്കുമ്പോള്‍ പാരമ്പര്യത്തിന്റെ വേദനിപ്പിക്കുന്ന കേടുപാടുകള്‍ക്കൊപ്പം ആസ്വദിച്ചനുഭവിക്കേണ്ട സ്ഥാവരജംഗമസ്വത്തുക്കളും കൈമാറിത്തരാതിരുന്ന ഒരേയൊരു തെറ്റിനാണ്‌ മിസ്റ്റര്‍ മുകുന്ദന്‍ നായര്‍, സ്വന്തം പിതാവായ നിങ്ങളെ ഞാന്‍ തലയ്ക്കടിച്ചു കൊന്നത്‌....

No comments: